ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വികസന കാഴ്ചപ്പാട്

പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യ വികസനം കാർഷിക പുരോഗതി ജനക്ഷേമം സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ വികസന കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. ജില്ലയിലെ പദ്ധതി നിർവഹണത്തിന് മുൻപന്തിയിൽ നിൽക്കുന്ന ഈ പഞ്ചായത്ത് അയിരൂർ മാതൃകയിലൂടെ ജനപങ്കാളിത്തത്തോടെയുള്ള സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നത്. തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയുടെ പുരോഗതിക്കായി വിപുലമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അതിനായി പഞ്ചായത്തിലുള്ള കനാലുകളും തോടുകളും പുനരുദ്ധാരണം നടത്തി പാടശേഖരങ്ങൾക്ക് കൃഷിയോഗ്യമാക്കുവാനും നെൽകൃഷി അടക്കമുള്ള പഞ്ചായത്തിൽ നിന്ന് പോയിട്ടുള്ള മുഴുവൻ കൃഷികളും തിരികെ കൊണ്ടുവരാനും ഉള്ള പ്രവർത്തനങ്ങൾ ആലോചിക്കുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ നിരന്തരമായുള്ള ആവശ്യമായ പൊതു ശ്മശാനം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുവാനും വൈദ്യുത സ്മശാനം നിർമ്മിക്കാനുള്ള ആലോചനകൾ നടക്കുകയാണ്. അതിദരിദ്ര കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണം മരുന്ന് പാർപ്പിടം എന്നിവ ഉറപ്പാക്കുന്നതിന് മുൻഗണന നൽകുന്നു. ജൈവ മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുവാനും അത് വളം ആക്കി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുവാനും ആയി മാലിന്യ സംസ്കരണ രംഗത്ത് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. വന്യ മൃഗങ്ങളുടെ ശല്യത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനായി ഷൂട്ടർമാരുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കുവാനും സൗരവേലി, ചെയിൻ ലിങ്ക് ഫെൻസിങ് എന്നിവ സ്ഥാപിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും. കായിക രംഗത്ത് കുട്ടികളുടെയും യുവജനങ്ങളുടെയും പ്രോത്സാഹനത്തിനായി പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. അതോടൊപ്പം കുട്ടികളുടെ പാർക്ക്, വനിതകൾക്ക് ജിം,നാലുമണിക്കാറ്റ് എന്നീ പദ്ധതികൾക്ക് രൂപം നൽകും. വയോജനങ്ങൾക്കായുള്ള പകൽ വീടുകളുടെ നിർമ്മാണം ഉടൻതന്നെ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരുന്നു. കൂടാതെ 50 വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്തിന്റെ ബിൽഡിംഗ് പൊളിച്ചു മാറ്റി ശിശു ,വനിത ,വയോജന , ഭിന്നശേഷി വിഭാഗങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാണെങ്കിലും വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്നു .ഇതിനായി കുടിവെള്ള വിതരണ പദ്ധതിയിൽ സമൂലമായ മാറ്റം വരുത്തുവാൻ ഭരണസമിതി ആഗ്രഹിക്കുന്നു. ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കിക്കൊണ്ട് മൃഗസംരക്ഷണ മേഖലയിലും നൂതനമായ പദ്ധതികൾക്ക് തുടക്കം കുറിക്കും .